ഉപ്പിലിട്ടതു വിൽക്കുന്ന കടയിൽ നിന്നും വെള്ളമാണെന്നു കരുതി കുടിച്ചത് രാസലായനി; രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു
കോഴിക്കോട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ രാസലായനി കുടിച്ച വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് രാസവസ്തു കുടിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്.വിനോദയാത്രക്കായി കാസർകോട്ട് നിന്ന് കോഴിക്കോടെത്തിയതായിരുന്നു കുട്ടികൾ. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോൾ അടുത്തുകണ്ട രാസലായിനി വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയതോടെ കുട്ടി ഛർദ്ദിച്ചു. ഈ ഛർദ്ദിൽ വീണാണ് മറ്റൊരു കുട്ടിയുടെ ദേഹം പൊള്ളിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ മുഹമ്മദിനെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവർ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാൻ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി വ്യാപക പരാതിയുണ്ട്. കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.