എൺപത്തിയേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായത് മുപ്പത് വയസുകാരൻ; യുവാവ് വീട്ടിനകത്ത് കയറിയത് ഗ്യാസ് തകരാർ പരിഹരിക്കാനെന്ന പേരിൽ
ന്യൂഡൽഹി: വൃദ്ധയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ തൂപ്പുകാരനായ 30 വയസുകാരനാണ് പിടിയിലായത്. ഡൽഹി തിലക് നഗറിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. 87 വയസുള്ള വൃദ്ധ അറുപത്തിയഞ്ചുകാരിയായ മകൾക്കൊപ്പമായിരുന്നു താമസം.മകൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് എത്തിയത്. അകത്ത് കയറിയതോടെ ബലം പ്രയോഗിച്ച് ഉപ്രദവിക്കുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. മകൾ തിരികെ വീട്ടിലെത്തിയപ്പോഴാണ് ചോരയൊലിച്ച് അവശനിലയിൽ കിടക്കുന്ന അമ്മയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പൊലീസിൽ ആദ്യം പരാതി നൽകിയെങ്കിലും അന്വേഷണം നടത്താൻ കൂട്ടാക്കിയില്ലെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, മാദ്ധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടിച്ചത്. എന്നാൽ മൊബൈൽ ഫോൺ മോഷണം പോയ പരാതിയാണ് ആദ്യം കിട്ടിയതെന്നും പിന്നീടാണ് ബലാത്സംഗം ചെയ്തുവെന്ന പരാതി നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്.