കാലിത്തീറ്റ കുംഭകോണം; അഞ്ചാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ, ശിക്ഷാവിധി 18ന്
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുറ്റക്കാരനായി വിധിച്ച് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി. 139.35 കോടി രൂപയുടെ ദൊറാൻഡ ട്രഷറി കേസിലാണ് വിധി. വിധി വന്ന സമയം ലാലു പ്രസാദ് കോടതിയിൽ ഹാജരായിരുന്നു. 18ന് കേസിൽ ശിക്ഷ വിധിക്കും.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അഞ്ച് കേസുകളിൽ ലാലു പ്രസാദ് പ്രതിയാണ്.ദൊറാൻഡ ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ച കേസിൽ 170 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ നാലു കേസുകളിൽ 2017 മുതൽ മൂന്നര വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ച ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ഈ നാല് കേസുകളിലെ ശിക്ഷക്കെതിരെ ലാലു നൽകിയ അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ നിർമിച്ച് സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 940 കോടി രൂപയിലേറെ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.