തിരുവനന്തപുരത്ത് അനധികൃതമായി പെട്രോൾ വിറ്റ കടയിൽ തീപിടിത്തം
തിരുവനന്തപുരം: അനധികൃതമായി പെട്രോൾ വിറ്റ കടയിൽ തീപിടിത്തം. നെടുമങ്ങാടിന് അടുത്ത് ചുള്ളിമാനൂരിൽ രാവിലെ എട്ടരയോടെയാണ് സംഭവം. കൊച്ചാട്ടുകാൽ സ്വദേശി ഖാലിദിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിത്തമുണ്ടായത്.ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഇതിനകത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു. പെട്രോളിലേക്കും തീപിടിച്ചതോടെ സമീപത്തെ കടകളിലേക്കും പടർന്നു. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തിയതോടെ വൻ ദുരന്തം ഒഴിവായി.വിതുര, നെടുമങ്ങാട് എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്.ആർക്കും പരിക്കില്ല. സ്പെയർ പാർട്സുകളുടെ വിൽപ്പനയുടെ മറവിലാണ് ഖാലിദ് അനധികൃതമായി പെട്രോൾ വിറ്റത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.