തലയോട്ടി തൊപ്പി അണിഞ്ഞ് താടിവച്ച് യോഗി ആദിത്യനാഥ്; ചിത്രങ്ങൾ വൈറൽ, പിന്നാലെ എഫ് ഐ ആർ
ഗാസിയാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച മുനിസിപ്പൽ കൗൺസിലറിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഗാസിയാബാദ് നഗർ നിഗമിലെ വാർഡ് 66ലെ മുനിസിപ്പൽ കൗൺസിലറായ മുസ്റ്റ്കീം ചൗധരിക്കെതിരെയാണ് കേസ്.തലയോട്ടിയുടെ രൂപത്തിലുള്ള തൊപ്പി ധരിച്ച് താടിവച്ചിരിക്കുന്ന യോഗിയുടെ ചിത്രമാണ് മുസ്റ്റ്കീം ചൗധരി പങ്കുവച്ചത്. ഇത് സംബന്ധിച്ച് പസോണ്ടഗ്രാമത്തിലെ ചിലർ നൽകിയ പരാതിയിലാണ് നടപടി. ആക്ഷേപകരമായ അടിക്കുറിപ്പോടെയായിരുന്നു മുസ്റ്റ്കീം ചിത്രം പങ്കുവച്ചത്.സ്വതന്ത്ര സ്ഥാനാർത്ഥിയായി ആയിരുന്നു മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ചൗധരി മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് ഇയാൾ സമാജ്വാദി പാർട്ടിയിൽ ചേർന്നു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.ശരിയത്തിനെക്കുറിച്ചുള്ള യോഗിയുടെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് കൗൺസിലർ ആക്ഷേപകരമായ ചിത്രം പങ്കുവച്ചത്. യോഗിയുടെ ട്വീറ്റ് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് വാദങ്ങൾ ഉയർന്നിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളികളായ ബി ജെ പിയും സമാജ്വാദി പാർട്ടിയും പരസ്പരം വർഗീയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സമാജ്വാദി പാർട്ടി പാകിസ്ഥാനെയും സ്ഥാപകനായ മുഹമ്മദ് അലി ജിന്നയെയും പിന്തുണക്കുന്നതായി ബി ജെ പി ആരോപിച്ചിരുന്നു.