വരാന്തയിൽ ഉറങ്ങിക്കിടന്ന തന്നെ ആരോ തീ കൊളുത്തിയതാണെന്ന് ഭർത്താവ്, അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത് ഭാര്യ,
എരുത്തേമ്പതി: വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ആർവിപി പുതൂർ ഓൾഡ് കോളനിയിൽ സുബ്രഹ്മണ്യനെയാണ് (42) ഭാര്യ ശശികല (36) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. ശശികലയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സഹോദരൻ മരിച്ചതിന്റെ വാർഷികച്ചടങ്ങുകൾ കഴിഞ്ഞു രാത്രി ഏറെ വൈകിയാണ് സുബ്രഹ്മണ്യൻ വീട്ടിലെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. വീടിന് മുന്നിലെ വരാന്തയിൽ കിടന്നുറങ്ങി. ശശികലയും ഇളയ മകനും വീടിനകത്താണ് കിടന്നത്. മൂത്തമകൻ ബന്ധുവീട്ടിലായിരുന്നു.ഉറക്കത്തിനിടയിൽ ദേഹത്തു തീ പടർന്നതോടെ സുബ്രഹ്മണ്യൻ നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ ഭാര്യയും നാട്ടുകാരും തീയണച്ച് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടന്ന തന്റെ മേൽ ആരോ തീ കൊളുത്തിയതാണെന്നു സുബ്രഹ്മണ്യൻ പൊലീസിന് മൊഴി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശശികലയാണ് സംഭവത്തിന് പിന്നിലെന്ന് മനസിലായത്. സ്ഥിരം മദ്യപാനിയായ സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഇവർക്ക് സംശയമുണ്ടായിരുന്നു. മദ്യലഹരിയിൽ തന്നെയും മക്കളെയും ഭർത്താവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ശശികല പൊലീസിനോട് പറഞ്ഞു.