കാസർകോട്: തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി .കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ലളിതകലാ സദനത്തിൽ ദേശീയ തുളു സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വിഷയമവതരിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 അനുസരിച്ച് ഭാഷയും ലിപിയും സംസ്കാരവും എല്ലാം കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. കൂടാതെ ഭരണഘടനയുടെ ആമുഖം എല്ലാവര്ക്കും തുല്യപരിഗണനയും സമത്വവും ഉറപ്പ് നല്‍കുന്നുണ്ട്. 20 ലക്ഷം ആളുകള്‍ സംസാരിക്കുന്ന തുളു ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഭാഷയും സംസ്കാരവും സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ.് തുളു ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാല്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അര്‍ഹമായ പരിഗണന തുളു ഭാഷയ്ക്ക് ലഭിക്കും. ഇതിലൂടെ തുളുഭാഷയിലുള്ള ഗ്രന്ഥങ്ങളും സാഹിത്യകൃതികളും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമെന്നുംഉണ്ണിത്താൻ പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന് എംഎല്‍എ മുഖ്യാതിഥിയായി . തുളുഅക്കാദമിയോട് ത്രൈമാസിക ‘തെമ്പരെ’ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പ്രകാശനം ചെയ്തു. ചെയര്മാന് ഉമേശ് എം സാലിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആര് ജയാനന്ത, നഗരസഭാംഗം അരുണ്‍ കുമാര്‍ ഷെട്ടി,തുളു സാഹിത്യകാരിയും ഗവേഷകയുമായ രാജശ്രീ റൈ , അക്കാദമി സെക്രട്ടറി വിജയകുമാര്‍ പാവള, സംസാരിച്ചു.
സെമിനാറില്‍ കാസര്‍കോട്ടെ തുളുവിന്റെ സ്വാധീനം എന്ന വിഷയത്തില്‍ സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫീസര്‍ നാരായണ ദേലംപാടിയും കാസര്‍കോട് തുളു സാഹിത്യം എന്ന വിഷയത്തില്‍ തുളു സാഹിത്യകാരന് കിഷോര്‍ കുമാര്‍ റൈ ഷേണിയും വിഷയമവതരിപ്പിച്ചു. മലാര്‍ ജയറാം റൈ അദ്ധ്യക്ഷത വഹിച്ചു. തുളു, മലയാളം, കന്നഡ, ഇംഗ്ലീഷ് ലിപികളില്‍ പ്രബന്ധമത്സരവും നടത്തി.
ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ തുളു ലിപി ശില്പശാല . മുന്‍ എം. പി പി കരുണാകരന് തുളു ലിപി പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് തുളു ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. രാജേഷ് ബെജ്ജംഗള പ്രഭാഷണവും ചര്‍ച്ചയും നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സമാപന ചടങ്ങില്‍ കര്‍ണാടക തുളു സാഹിത്യ അക്കാദമി അധ്യക്ഷന്‍ ദയാനന്ദ കത്തല്സാര് മുഖ്യാതിഥിയാവും. കേരള തുളു അക്കാദമി ചെയര്മാന് ഉമേശ് എം സാലിയാന്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, തുളു സാഹിത്യകാരന് മലാര്‍ ജയറാം റൈ, തുടങ്ങിയവര്‍ സംബന്ധിക്കും. സെമിനാറിനോടനുബന്ധിച്ച് കങ്കിലു നലികെ, തുളു യക്ഷഗാന പദങ്ങള്‍, തുളു കബിതെ, പാട്ദന, തുളു ജനപദ നൃത്തം എന്നിവയും അരങ്ങേറും.