കുതിരവട്ടത്ത് വീണ്ടും വൻ സുരക്ഷാ വീഴ്ച : രണ്ടുപേർ ചാടിപ്പോയി, സ്ത്രീ രക്ഷപ്പെട്ടത് ഭിത്തി തുരന്ന്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടുപേർ ചാടിപ്പോയി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീയാണ് രക്ഷപ്പെട്ടത്. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്.ഭിത്തി തുരന്നാണ് യുവതി രക്ഷപ്പെട്ടത്. പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ രക്ഷപ്പെട്ടത്. സംഭവങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുപിന്നാലെ രണ്ടുപേർ രക്ഷപ്പെട്ടത് വൻ സുരക്ഷ വീഴ്ചയാണ് വ്യക്തമാക്കുന്നത്.അതേസമയം, കൊലപാതകത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണൽ ഡി എം ഒ ഇന്ന് ഡി എം ഒ യ്ക്ക് റിപ്പോർട്ട് നൽകും.ഇക്കഴിഞ്ഞ ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി എന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് വിമർശനം. ഇതുൾപ്പടെയുള്ള കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്. സംഭവം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുന്നതിനൊപ്പം അന്തേവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.പ്രതിയായ അന്തേവാസിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് അറിയുന്നത്.