മൊബൈൽ ഫോൺ നൽകിയില്ല; കൗമാരക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കാസർകോട്: മൊബൈൽ ഫോൺ നൽകാത്തതിന് കൗമാരക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിക്കര പഞ്ചായത്ത് പരിധിയിലെ 15 കാരനാണ് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചത്. എലിവിഷവും ഗുളികകളും കഴിച്ചെന്നാണ് വിവരം. ഗുരുതരവസ്ഥയിലായ കുട്ടി മംഗ്ളുറു ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു. കുട്ടിയുടെ കരളിനെ ഗുരുതരമായി ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് മുന്നിലുള്ള പോംവഴി. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി മുന്നോട്ട് വന്നിട്ടുള്ളത്. ഇതിന്റെ പ്രാഥമിക പരിശോധനകൾ നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രിയോടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഗൾഫിലെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടി പിന്നീട് നാട്ടിലെ സ്ഥാപനത്തിൽ തുടർ പഠനം നടത്തിവരികയായിരുന്നു. അതിനിടയിലാണ് ദാരുണ സംഭവം നടന്നത്. അതേസമയം ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും അത്യാവശ്യമായ ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുന്നതിനാലും മാനസികമായി വിഷമം അനുഭവിക്കുന്നത് മൂലവും കുട്ടിയുടെ ആരോഗ്യ നില അറിയാൻ വേണ്ടി പിതാവിന് ഫോൺ വിളിക്കുന്നത് ഒഴിവാക്കണമെന്നും കൂടെയുള്ള മറ്റാരെയെങ്കിലും ബന്ധപ്പടുന്നതാണ് നല്ലതെന്നും ബന്ധുക്കൾ പറഞ്ഞു. ആരോഗ്യ നില പുരോഗമിച്ചുവരുന്നതായും ബന്ധുക്കൾ അറിയിച്ചു.