പെൺകുട്ടികൾക്ക് ഹിജാബ് ഇന്ന് മസ്റ്റ്, ആൺകുട്ടികളിൽ നിന്ന് രണ്ട് മീറ്റർ അകലെ നിൽക്കണം; വാലന്റൈൻ ദിനത്തിൽ വിചിത്ര നിർദ്ദേശവുമായി മെഡിക്കൽ കോളേജ്
ഇസ്ളാമാബാദ്: ഇന്ന് പ്രണയിനികളുടെ ദിവസം(വാലന്റൈൻസ് ദിനം)ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ പാകിസ്ഥാനിലെ ഇസ്ലാമിക് ഇന്റർനാഷണൽ മെഡിക്കൽ കോളേജ് പുറപ്പെടുവിച്ച ഒരു സ്പെഷ്യൽ സർക്കുലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ഐറ്റം. ഇന്ന് പെൺകുട്ടികൾ നിർബന്ധമായും ഹിജാബും ആൺകുട്ടികൾ പ്രാർത്ഥനാ തൊപ്പി ധരിക്കണമെന്നുമാണ് സർക്കുറലറിലെ പ്രധാന നിർദ്ദേശം. എതിർ ലിംഗത്തിൽ പെട്ടവരിൽ നിന്ന് എപ്പോഴും രണ്ട് മീറ്റർ അകലെ നിൽക്കാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ വ്യക്കമാക്കുന്നുണ്ട്.തലയും കഴുത്തും നെഞ്ചും ശരിയായി മറയ്ക്കാത്ത പെൺകുട്ടികൾക്കെയിരെയും വെളുത്ത തൊപ്പി ധരിക്കാത്ത ആൺകുട്ടികൾക്കെതിരെയും നടപടി എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രണയ ദിനം നൽകുന്നത് തെറ്റായ സന്ദേശമാണെന്നും യുവതീ യുവാക്കൾ ആ ദിശയിലേക്ക് വഴുതി വീഴാതിരിക്കാനാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നുമാണ് കോളേജ് അധികൃതർ പറയുന്നത്. സർക്കുലർ ലംഘിക്കുന്നവരെ പിടികൂടാൻ 20 അംഗ പ്രത്യേക സംഘം കാമ്പസിനുളളിൽ പെട്രോളിംഗ് നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാൽ വൻ തുക പിഴയായി അടയ്ക്കേണ്ടിവരും. ഇല്ലെങ്കിൽ കോളേജിൽ നിന്ന് പുറത്താക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.സർക്കുലർ വൈറലായതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നുകരുതി കൂടുതൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്നാണ് സർക്കുലറിനെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ യുവാക്കളെ നേർവഴിയിലേക്ക് നയിക്കുന്നതാണ് സർക്കുലർ എന്നും അതിൽ തെറ്റിന്റെ അംശം ഇല്ലെന്നുമാണ് അനുകൂലികൾ പറയുന്നത്.