ആപ്പ്ലോക്കിന് പൂട്ട്, മുഖം മിനുക്കും ബ്യൂട്ടി ക്യാമറയും ഇനി ഇല്ല; 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു
ന്യൂഡൽഹി: അൻപത്തിയൊൻപത് ചൈനീസ് ആപ്ളിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെ അൻപത്തിനാല് ആപ്പുകൾ കൂടി നിർത്തലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന പേരിലാണ് നടപടി.സ്വീറ്റ് സെൽഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് സ്ക്രൈവർ, ഓൺമ്യാേജി അരീന, ആപ്പ്ലോക്ക്, ഡ്യുവൽ സ്പൈയിസ് ലൈറ്റ് തുടങ്ങിയ ആപ്പുകൾക്കുൾപ്പടെയാണ് പൂട്ടു വീഴുന്നത്.വളരെയധികം പ്രചാരം നേടിയ ആപ്ളിക്കേഷനുകളായ ടിക് ടോക് , വീചാറ്റ്, ഹലോ എന്നിവ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് വിലയിരുത്തി കഴിഞ്ഞ വർഷം ജൂണിൽ നിരോധിച്ചിരുന്നു. 2020 മേയിൽ ചൈനയുമായി സംഘർഷങ്ങൾ ഉടലെടുത്തതിന് പിന്നാലെ മുന്നൂറോളം ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ 2020 ജൂണിലാണ് ആദ്യ റൗണ്ട് നിരോധനം ഏർപ്പെടുത്തിയത്.