ബംഗ്ളാദേശിൽ നിന്ന് വ്യാജമേൽവിലാസത്തിൽ കൂട്ടത്തോടെ അവർ കുടിയേറിയിട്ടുണ്ട്, തിരുവനന്തപുരത്ത് റോഹിംഗ്യകളുടെ സാന്നിദ്ധ്യമെന്ന് സംശയം, അതീവ ജാഗ്രത
തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികൾ പ്രതിയായ കേസുകൾ വർദ്ധിക്കുമ്പോഴും ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് പൂർത്തിയാക്കാതെ തൊഴിൽ വകുപ്പ്. കഴിഞ്ഞ ദിവസം അമ്പലംമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനീതയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയതും അന്യസംസ്ഥാന തൊഴിലാളിയായ രാജേന്ദ്രനാണ്. കൊടു കുറ്റവാളിയായ ഇയാൾ തൊട്ടടുത്ത് ജോലി ചെയ്തിട്ടും പൊലീസിന് ഇയാളെ കണ്ടെത്താൽ കുറേയധികം കഷ്ടപ്പെടേണ്ടി വന്നു.അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് സർക്കാരിന്റെ കൈയിലുമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി മോഷണവും ആക്രമവും നടത്തി മടങ്ങുന്ന സംഘങ്ങൾ ജില്ലയിൽ ഇപ്പോൾ സജീവമാണ്. പല കടകളിലും മറ്റും ഇവർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി വ്യാജ വ്യക്തിത്വത്തിൽ ജോലി ചെയ്യുന്നുണ്ട്.പരിശോധനകൾ ഇല്ലാതായതോടെ കൊടുംകുറ്റവാളികൾ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്തെ പല ഭാഗത്ത് എത്തുന്നുന്നുണ്ട്.നഗരങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവരാണ്. ബംഗ്ലാദേശികളായ പലരും വ്യാജ മേൽവിലാസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളി കൂട്ടങ്ങളിൽ കുടിയേറിയിട്ടുണ്ട്. ഇവർ ആരൊക്കെയെന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകാനുള്ള ഡേറ്റ പൊലീസിന്റെയും ലേബർ വകുപ്പിന്റെയും പക്കലില്ല.അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലാത്ത ഒരു സ്ഥലവും ഇന്ന് കേരളത്തിലില്ല. നിലവിൽ റസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ആ പ്രദേശങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരുടെ കണക്കുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അതത് പൊലീസ് സ്റ്റേഷനുകളിൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് റസിഡന്റ്സ് അസോസിയേഷനുകൾ കയറിയിറങ്ങുന്നത്. എന്നാൽ തൊഴിൽ വകുപ്പ് ഇതിന് വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്ന് വരുന്നുണ്ട്. ഡ്യൂട്ടിയോടൊപ്പം തൊഴിലാളി കണക്കെടുപ്പ് ജോലി കൂടി ലഭിച്ചപ്പോൾ പൊലീസിന്റെ അവസ്ഥ കുഴഞ്ഞ് മറിഞ്ഞ മട്ടാണ്.കൃത്യമായ കണക്കില്ലആന്ധ്ര, അസാം, തമിഴ്നാട്, ബംഗാൾ, ത്രിപുര, മിസോറം, മണിപ്പൂർ, അരുണാചൽ പ്രദേശ്, കാശ്മീർ തുടങ്ങി 20 ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ജില്ലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ കൂടുതലുള്ള സ്ഥലം കൂടിയാണ് തലസ്ഥാനം. കേരളത്തിൽ ഏകദേശം 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡ് കാലത്തിന് മുൻപ് ഉണ്ടായിരുന്നതായാണ് അനൗദ്യോഗികമായുള്ള കണക്ക്. ജില്ലയിൽ ഇത് രണ്ട് ലക്ഷത്തോളം പേരാണ്. ഇപ്പോൾ കൃത്യമായി എത്രപേർ ഇവിടെ താമസിക്കുന്നുവെന്നതിന്റെ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. ഇവരുടെ കണക്കെടുക്കാൻ ജില്ലാ ലേബർ വകുപ്പ് ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.