പൊലീസുകാരി കൺമണി വിജിലൻസിന്റെ കണ്ണിലെ കരടായത് വളരെ പെട്ടെന്ന്, റെയ്ഡ് നീണ്ടത് 22 മണിക്കൂർ, പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വർണവും പണവും
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ പൊലീസ് ഇൻസ്പെക്ടറിന്റെയും, സുഹൃത്തിന്റേയും വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. നാഗർകോവിൽ മഹിള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൺമണിയുടെ വീട്ടിലാണ് പരിശോധന നടന്നത്. കന്യാകുമാരി വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം രാവിലെ ആറിന് ആരംഭിച്ച പരിശോധന ഇന്നലെ രാവിലെ നാലമണിയോടെയാണ് അവസാനിച്ചത്.കണ്മണി ആറ് മാസങ്ങൾക്ക് മുൻപ് വരെ എസ്പി ഓഫീസിൽ ഇൻസ്പെക്ടറായിരുന്നു. ഇവർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.നാഗർകോവിൽ ബാലസുബ്രഹ്മണ്യൻ റോഡിലുള്ള വാടക വീട്ടിലാണ് കണ്മണി താമസിക്കുന്നത്. 22 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ 171.78 ശതമാനം വരുമാനത്തിൽ അധികം വസ്തു ശേഖരിച്ചതായുള്ള രേഖകൾ, 91 പവന്റെ സ്വർണാഭരണങ്ങൾ, ഒരു കോടി രൂപയുടെ ഡെപ്പോസിറ്റ് പത്രങ്ങൾ, 7.34 ലക്ഷം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.തുടർന്ന് ബ്യൂട്ടി പാർലർ നടത്തുന്ന ഇവരുടെ സുഹൃത്ത് അമ്യുതയുടെ വീട്ടിലും, വിജിലൻസ് ഇൻസ്പെക്ടർ രമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. നാഗർകോവിൽ മീനാക്ഷിപുരം ഗാർഡനിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. അവിടെ നിന്ന് 23,95,000 രൂപ കടം കൊടുത്തതിന്റെ പത്രങ്ങളും കണ്ടെടുത്തു. വിജിലൻസ് ഉദ്യോഗസ്ഥർ കണ്മണിയുടെ പേരിലും ഭർത്താവ് സേവിയർ പാണ്ഡിയന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.പിടികൂടിയ രേഖകൾ ചെന്നൈ വിജിലൻസ് ഓഫീസിൽ അയച്ചു കൊടുത്തെന്നും കണ്മണിയെ ഉടൻ സസ്പെൻഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.