അഴിമതി ആരോപണം ഇനി സമ്മതിക്കില്ല, ജനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ പൊങ്കാല മനോഹരമാക്കാൻ തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: കഴിഞ്ഞ തവണ നടക്കാത്ത പൊങ്കാലയുടെ പേരിൽ മാലിന്യം നീക്കാൻ വാഹനം വാടകയ്ക്കെടുത്ത് പണം തട്ടിയെന്ന വിവാദം മുന്നിൽ കണ്ട് ഇത്തവണ കരുതലോടെ നീങ്ങാൻ നഗരസഭ. പൊങ്കാലയുടെ ഭാഗമായി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിവിധ സംഘടന, അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ സ്പോൺസർഷിപ്പ് വഴി ചെലവ് ചുരുക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്.ഇത്തവണത്തെ സ്പോൺസർഷിപ്പ് നടത്തിപ്പിന്റെ ഭാഗമായുള്ള മൂന്ന് ചർച്ചകൾ നഗരസഭ നടത്തി. വീടുകളിലായിരിക്കും ഭക്തർ പൊങ്കാലയിടുന്നതെങ്കിലും നഗര വീഥികളിലേക്ക് പൊങ്കാല കഴിഞ്ഞുള്ള മാലിന്യമെത്തുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഇതിനു വേണ്ട മുന്നൊരുക്ക പ്രവർത്തങ്ങൾ ചെയ്യേണ്ടതുണ്ട്.അതിന് വേണ്ടിയാണ് പണം ചെലവില്ലാതെ ജനകീയ പങ്കാളിത്തതോടെ സ്പോൺസർഷിപ്പ് പദ്ധതി നഗരസഭ തീരുമാനിച്ചത്. പൊങ്കാലയ്ക്ക് ശേഷം ശുചീകരണ പ്രവർത്തനത്തിലേർപ്പെടുന്നതിന് വേണ്ടി ലോറികൾ, തൊഴിലാളികൾ, വോളന്റിയർമാർ, ആഹാരം തുടങ്ങിയവ ഇത്തവണ ചെലവില്ലാതെയാണ് നഗരസഭയ്ക്ക് ലഭിക്കുന്നത്.നഗരസഭ പരിധിയിലെ കോൺട്രാക്ടർമാർ വഴി ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ, ലോറി ഓണേഴ്സ് അസോസിയേൻ വഴി 25 ലോറികൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്റെ വകയായി സൗജന്യ ആഹാരം,വിവിധ യുവജനസംഘടനകളുടെ അംഗങ്ങളെ വോളന്റീയർമാരെയും ഇതിന് വേണ്ടി നിയോഗിക്കാൻ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ തീരുമാനമായി. ഇതിന്റെ അവസാനവട്ട ചർച്ച നാളെ മേയറുടെ അദ്ധ്യക്ഷതയിൽ നടക്കും.വോളന്റിയർമാരായി എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ,ഗ്രീൻ ആർമി, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ യുവജനസംഘടനകളും പ്രവർത്തകരെ ഇതിലേക്ക് നിയോഗിക്കും. കൂടാതെ ഓരോ ഹെൽത്ത് സർക്കിളിലെ ജീവനക്കാരെ നിയോഗിക്കും.ശേഖരിക്കുന്ന മാലിന്യങ്ങൾ ആനയറ വേൾഡ് മാർക്കറ്റിന് സമീപത്തെ സ്ഥലത്താണ് നിക്ഷേപിക്കുന്നത്.ഇവിടെ നിന്ന് മാലിന്യം തരം തിരിച്ചാണ് സംസ്കരിക്കുന്നതിനായി കൊണ്ട് പോകുന്നത്.സാധാരണ രീതിയിൽ പൊങ്കാല നടക്കുന്നുണ്ടെങ്കിൽ മുഴുവൻ പ്രവർത്തനങ്ങൾക്കായി 50 മുതൽ 60 ലക്ഷം വരെ ചെലവ് നഗരസഭയ്ക്ക് ഉണ്ടാകും.