‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കണം’; ഹിജാബ് വിവാദമല്ല ഗൂഢാലോചനയെന്ന് ഗവർണർ
ന്യൂഡൽഹി: കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദം ഒരു വിവാദമല്ലെന്നും ഗൂഢാലോചനയാണെന്നും ഗവർണ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ളീം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റാനുളള ശ്രമം നടക്കുന്നതായി ഗവർണർ ആരോപിച്ചു. ഉയർന്ന വിദ്യാഭ്യാസ നിലവാരം പുലർത്തുന്നവരാണ് പെൺകുട്ടികളെന്നും ഗവർണർ പറഞ്ഞു.ഹിജാബ് ഇസ്ളാം മതവിശ്വാസ പ്രകാരം നിർബന്ധമല്ലെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. സിഖുകാരുടെ വസ്ത്രധാരണ രീതിയുമായി ഹിജാബിനെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും സിഖ് മതത്തിൽ തലപ്പാവ് നിർബന്ധമാണെന്നും ഗവർണർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കണം. അത് വസ്ത്ര സ്വാതന്ത്ര്യത്തെ ഹനിക്കലല്ല എന്നും ഗവർണർ അറിയിച്ചു.ദൈവം സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് നന്ദി പറയണമെന്നും ഇസ്ളാമിക ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നും മുൻപ് ഗവർണർ പറഞ്ഞിരുന്നു. ഹിജാബ് വിഷയം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഈ കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ച് പ്രതികരിക്കുന്നത് സ്വാഗതാർഹമല്ലെന്ന് വിദേശകാര്യ മന്ത്രാലയവും മുൻപ് അറിയിച്ചിരുന്നു.