മുസാഫര്‍ നഗര്‍: വിവാഹവേദിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച വരനെയും കൂട്ടരെയും വധു അടിച്ചുപുറത്താക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സിസൗലി ഗ്രാമത്തിലായിരുന്നു സംഭവം.ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വധുവിന്റെ ആളുകള്‍ വരന്റെ ചെരിപ്പ് ഒളിപ്പിച്ചു വച്ച് പണം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. ‘ജൂത്താ ചുറായി’ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. വിവാഹത്തിനിടെ ഇൗ ചടങ്ങ് നടത്താന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.
പൊതുവെ തമാശ രീതിയിലാണ് ഈ ചടങ്ങ് നടത്തുന്നത്. എന്നാല്‍ വരനായ വിവേക് കുമാറിനെ ഇതത്ര ഇഷ്ടപ്പെട്ടില്ല. ചെരിപ്പ് ഒളിപ്പിച്ചു വച്ച വധുവിന്റെ കൂട്ടുകാരികളെ അയാള്‍ അസഭ്യം പറയാന്‍ തുടങ്ങി. വധുവിന്റെ മറ്റുകൂട്ടുകാരും ബന്ധുക്കളും വിവേകിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവേക് കൂടുതല്‍ പ്രകോപിതനാവുകയും അസഭ്യ വര്‍ഷം തുടരുകയും ചെയ്തു. ഇതിനിടെ ഒരാളെ മര്‍ദ്ദിക്കുകയും ചെയ്തു.
അതോടെ പ്രശ്നം വീണ്ടും വഷളായി. സംഭവത്തെക്കുറിച്ച് അറിഞ്ഞ വധു വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ചിലര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വഴങ്ങാത്ത വധു വരനെയും ബന്ധുക്കളെയും അടിച്ചുപുറത്താക്കി. സ്ഥലംവിടാനൊരുങ്ങിയ വരനെയും പിതാവിനെയും രണ്ട് ബന്ധുക്കളെയും വധുവിന്റെ ബന്ധുക്കള്‍ തടഞ്ഞു വച്ചു. സ്ത്രീധന ഇനത്തില്‍ നല്കിയ പത്ത് ലക്ഷം രൂപ തിരികെ നല്‍കാമെന്ന് വരന്റെ ബന്ധുക്കള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കിയതോടെയാണ് ഇവരെ വിട്ടയച്ചത്.