ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ഇനി ആയുർവേദ ഡോക്ടർമാർക്കും അനുമതി; നിർണായക ഉത്തരവുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും നിലവിലുളളത് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാൻ ഇനി ആയുർവേദ ഡോക്ടർമാർക്കും അനുമതി. ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അലോപ്പതി ഡോക്ടർമാർക്കും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുളള ഡോക്ടർമാരുടെയും സർട്ടിഫിക്കറ്റുകൾക്കാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന ആയുർവേദ ഡോക്ടർമാർക്കെല്ലാം അനുമതിയായത്.എംബിബിഎസ് ഡോക്ടർമാരുടെതിന് തുല്യമായ യോഗ്യത ബിഎഎംഎസ് ഡോക്ടർമാർക്കുമുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് മുൻപ് വ്യക്തമാക്കിയതോടെയാണ് ആയുർവേദ ഡോക്ടർമാർക്കും സർട്ടിഫിക്കറ്റ് നൽകാൻ അനുമതി സർക്കാർ നൽകിയത്.