സ്വന്തം വീട്ടിൽനിന്ന് അയൽവാസി ആക്രമിച്ച് തുരത്തിയോടിച്ചു; ആൽത്തറയിൽ അഭയംതേടി ഒരു കുടുംബം
വീടുവിട്ട് ആൽത്തറയിൽ അഭയംതേടി ഒരു കുടുംബം
നാരായണൻകുട്ടിയും കുടുംബവും പഴയന്നൂർ വേട്ടയ്ക്കൊരുമകൻകാവിലെ ആൽത്തറയിൽ അഭയം തേടിയപ്പോൾ
പഴയന്നൂർ: സ്വന്തം വീട്ടിൽനിന്ന് അയൽവാസി ആക്രമിച്ച് തുരത്തിയോടിച്ചു. നാരായണൻകുട്ടിയും കുടുംബവും അഭയം തേടിയത് ക്ഷേത്രമുറ്റത്തെ ആൽത്തറയിൽ. പഴയന്നൂർ കുമ്പളക്കോടാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തിരിച്ചുവന്നാൽ തീർക്കുമെന്ന അയൽവാസിയുടെ കൊലവിളിയിൽ ഭയന്ന് കുടുംബം രോഗിയായ മാതാവുമായി രണ്ടുനാളായി തെരുവിൽ കഴിയുന്നു. കുമ്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടി(36)യും അമ്മ വിശാലുവും ഭാര്യ സജിതയും ഇവരുടെ പന്ത്രണ്ട് വയസ്സുകാരിയായ മകൾ ലക്ഷ്മീദേവിയുമാണ് അയൽവാസിയായ മണികണ്ഠന്റെ ആക്രമണം ഭയന്ന് തെരുവിൽ കഴിയുന്നത്.
മണികണ്ഠന്റെ ബന്ധു നാരായണൻകുട്ടിയുടെ സ്ഥലം കൈയേറിയിരുന്നു. അതു സംബന്ധിച്ച് നാരായണൻകുട്ടിയുടെ അമ്മ വിശാലു പോലീസിൽ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അയൽവാസിയെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ പഠനത്തിനായി കിട്ടിയ ടി.വി., പാഠപുസ്തകങ്ങൾ, സജിതയുടെ തയ്യൽ മെഷീൻ, വീട്ടിലെ പാത്രങ്ങൾ തുടങ്ങി സർവതും അക്രമി തകർത്തു. വീട്ടിനുള്ളിൽ തകർന്ന സാധനങ്ങൾക്കിടയിൽ നിലത്ത് മുഴുവൻ രക്തക്കറയാണ്. ടിവി ചവിട്ടിപ്പൊട്ടിക്കുന്നതിനിടെ അക്രമിയുടെ കാലിൽ മുറിവേറ്റിരുന്നു.
ആദ്യം ഇയാൾ ഇവരെ മർദിച്ചപ്പോൾ കുടുംബം പഴയന്നൂർ പോലീസിൽ പരാതിയുമായി ചെന്നു. പോലീസെത്തി ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതോടെ കൂടുതൽ കുപിതനായെത്തി ഇവരെ അടിച്ചു പുറത്താക്കിയശേഷമാണ് വീട് തകർത്തത്. ഇതോടെയാണ് കുടുംബം വീടുവിട്ടിറങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഒരു ദിവസം വടക്കേത്തറയിലെ ആശുപത്രി വരാന്തയിൽ കഴിഞ്ഞു. പിന്നീട് തെക്കേത്തറ വേട്ടയ്ക്കൊരുമകൻകാവ് ക്ഷേത്രത്തിന്റെ മുന്നിലെ ആൽമരച്ചുവട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത്. അടുത്തുള്ള വീട്ടുകാർ ഭക്ഷണം നൽകുന്നുണ്ട്. പോലീസ് നിർദേശപ്രകാരം പഞ്ചായത്ത് കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി കിടക്കുവാനായി താമസമൊരുക്കിയിട്ടുണ്ട്. ശനിയാഴ്ച സ്വന്തം വീട്ടിലേക്ക് മടങ്ങുവാനും പോലീസ് നിർദേശിച്ചു. ഒളിവിൽ പോയ പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പഴയന്നൂർ സി.ഐ. നിസാമുദ്ദീൻ പറഞ്ഞു.