പരാതിക്കാരന്റെയും വിധികർത്താവിന്റെയും ജോലി ഒറ്റയ്ക്കേറ്റെടുക്കുന്ന നടപടി ശരിയല്ല; യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ നിന്ന് നാശനഷ്ടത്തിന് പണം ഈടാക്കാൻ നോട്ടീസ് അയച്ചതിന് ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതിയുടെ വിമർശനം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് നടപടികൾ പിൻവലിക്കാൻ സർക്കാരിനോട് നിർദേശിച്ചത്. നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി. ഈ മാസം 18വരെയാണ് സർക്കാരിന് സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്.പരാതിക്കാരന്റെയും, വിധികർത്താവിന്റെയും, പ്രോസിക്യൂട്ടറുടെയും ജോലികൾ ഉത്തർപ്രദേശ് സർക്കാർ ഒറ്റയ്ക്ക് ഏറ്റെടുത്ത് ചെയ്ത പ്രവർത്തി ശരിയല്ലെന്നും കോടതി വിമർശിച്ചു. നടപടികൾ പിൻവലിക്കണം അല്ലെങ്കിൽ കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നും പറഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന്റെ പണം ഈടാക്കാൻ പ്രതിഷേധക്കാർക്ക് അയച്ച നോട്ടീസിനെതിരെ പർവായിസ് ആരിഫ് ടിറ്റു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോതി ഇക്കാര്യം അറിയിച്ചത്. ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരാൾക്കെതിരെയും 90വയസിന് മുകളിൽ പ്രായമുള്ള രണ്ട്പേർക്കും ഉൾപ്പെടെ ഇത്തരം നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.എന്നാൽ സംസ്ഥാനത്ത് 833പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 274പേർക്കെതിരെ റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ടെന്നും യുപി സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് പറഞ്ഞു.