യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഖത്ത് രക്തം തേച്ചു, കൊലയാളി പശ്ചിമ ബംഗാൾ സ്വദേശിനി; കുതിരവട്ടത്തെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം. ജിയറാം ജിലോട്ട് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൂക്കും വായും പൊത്തിപ്പിടിച്ചതോ, അല്ലെങ്കിൽ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.സെല്ലിൽ രണ്ട് അന്തേവാസികൾ തമ്മിലുള്ള അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്. പശ്ചിമബംഗാൾ സ്വദേശിയായ തസ്മി ബീബി (32)യാണ് കൊല നടത്തിയത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും അറസ്റ്റ്.മൂന്നു യുവതികളായിരുന്നു ഒരു സെല്ലിൽ കഴിഞ്ഞത്. ബുധനാഴ്ച വൈകിട്ടുമുതൽ സെല്ലിൽ നിന്ന് ബഹളം കേട്ടിരുന്നു. 7.30നും 7.45നുമിടയിലാണ് മർദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കിടക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലത്തെ ചൊല്ലിയായിരുന്നു അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായത്.ജീവനക്കാർ രാത്രി ഭക്ഷണവുമായി സെല്ലിൽ എത്തുമ്പോൾ ജിയറാം ജിലോട്ട് സെല്ലിൽ വീണുകിടക്കുകയായിരുന്നു. ഇവരുടെ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം ഒഴുകുന്ന നിലയിലുമായിരുന്നു. ഈ രക്തമെടുത്ത് തസ്മി ബീബി മുഖത്ത് തേച്ചിരുന്നു. ഇതുകണ്ട ജീവനക്കാർ കരുതിയത് തസ്മിക്കാണ് പരുക്കേറ്റതെന്നാണ്.ഉടൻ തസ്മി ബീബിയേയും കൊണ്ട് ജീവനക്കാർ ഡോക്ടറുടെ അടുത്തേക്ക് പോയി. ഈ സമയം ജിയറാമിനെ ആരും ശ്രദ്ധിച്ചതുമില്ല. ഒന്നിലും ഇടപെടാതെ സെല്ലിലെ മൂന്നാമത്തെ യുവതി മാറി നിൽക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5.45ന് ജിയറാം ജിലോട്ട് ഉണരാതിരുന്നതോടെ ജീവനക്കാർ എത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.