1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; പി വി അൻവറിന് ജപ്തി നോട്ടീസ്
മലപ്പുറം: പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി. ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നൽകിയിട്ടുണ്ട്.അതേസമയം അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്. നടപടിയെ വെല്ലുവിളിച്ചുകൊണ്ട് അൻവറും അനുയായികളും രംഗത്തെത്തി. വിഷയം എംഎൽഎ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിട്ടുണ്ട്.എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർതീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്വേ. നിലമ്പൂർ സ്വദേശി എം.പി. വിനോദ് 2017ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.