ട്രെയിൻ ഗതാഗതം ഉടൻ ആരംഭിക്കാനാകുമെന്ന് റെയിൽവെ; പുതുക്കാട് പുതിയ പാളം സ്ഥാപിച്ചു, ആകെ റദ്ദാക്കിയത് ഒൻപത് ട്രെയിനുകൾ
തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തകരാറിലായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം വൈകാതെ പുന:സ്ഥാപിക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. പുതുക്കാട് പാളം തെറ്റിയ ട്രെയിനിന്റെ എഞ്ചിനുകളും ബോഗികളും നീക്കി. തകർന്ന പാളം മാറ്റി പുതിയ പാളം സ്ഥാപിച്ചു. വൈകാതെ പഴയപടി റെയിൽ ഗതാഗതം ആരംഭിക്കും.ഇന്നും ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലവ പുന:ക്രമീകരിക്കുകയും ചെയ്തു. ഇന്നത്തെ ഗുരുവായൂർ-എറണാകുളം എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ് എന്നിവ റദ്ദാക്കി. അതേസമയം മംഗലാപുരം-മുംബയ് മത്സ്യഗന്ധി എക്സ്പ്രസ് ഒരുമണിക്കൂർ വൈകും.2.15ന് പുറപ്പെടേണ്ട വണ്ടി 3.15ന് മാത്രമാകും പുറപ്പെടുക.കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ് ഷൊർണൂർ നിന്നും പുറപ്പെടും. എറണാകുളം-പാലക്കാട് മെമു ആലുവയിൽ നിന്നും പുറപ്പെടും.ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് ഇന്ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറിൽ നിന്ന് പുറപ്പെടും. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.നിലവിൽ ചാലക്കുടിയ്ക്കും ഒല്ലൂരിനുമിടയിൽ ഒറ്റ ട്രാക്കിലൂടെയാണ് ഇരുഭാഗത്തേക്കുമുളള ഗതാഗതം നടക്കുന്നത്. ഇതുമൂലം ഇന്നലെയും ഇന്നുമായി പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഇന്ന് ട്രെയിൻ ഓടിത്തുടങ്ങിയാലും സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ വീണ്ടും മണിക്കൂറുകൾ എടുത്തേക്കും.ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിച്ചു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആലപ്പുഴയിൽ നിന്നും ആറ് സർവീസുകളും നടത്തുന്നുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും വേണമെങ്കിൽ അധിക സർവീസ് നടത്താനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ അപകടത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്റുകളിൽ വൻ ജനത്തിരക്കാണ് ഉണ്ടായത്.