പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു, സർക്കാർ നൽകിയ അഞ്ച് ലക്ഷം തട്ടിയെടുത്തു; പിതാവ് അറസ്റ്റിൽ
മൈസൂർ: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ഇരയായ പെൺകുട്ടിക്ക് സർക്കാർ സഹായം ലഭിച്ച അഞ്ചു ലക്ഷം രൂപ പ്രതി തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൈസൂർ ജില്ലയിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം.2019ലാണ് കൗമാരക്കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്തി ആദിവാസി വിഭാഗത്തിൽപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തത്. 2020ൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. സർക്കാർ തുക പെൺകുട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.പ്രതി ഇതിനിടെ ജാമ്യത്തിലിറങ്ങുകയും, ഭാര്യയെ സമീപിച്ച് അഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി നൽകാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇവർ പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.