ധൈര്യമുണ്ടെങ്കിൽ അഫ്ഗാനിൽ പോയി ബുർഖയില്ലാതെ സഞ്ചരിക്കൂ; കർണാടക ഹിജാബ് വിഷയത്തിൽ പെൺകുട്ടികളെ വെല്ലുവിളിച്ച് കങ്കണ
മുംബയ്: ഇന്ത്യയിലെ ഒട്ടുമിക്ക വിവാദ വിഷയങ്ങളിലും പ്രതികരണവുമായി എത്താറുള്ള ബോളിവുഡ് താരമാണ് കങ്കണ റണോട്ട്. അടുത്തിടെ താരം കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരനായ ആനന്ദ് രംഗനാഥൻ സമൂഹമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് കങ്കണ രംഗത്തുവന്നത്.നിങ്ങൾക്ക് ധൈര്യം പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ അഫ്ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ അത് പ്രകടമാക്കൂ. സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാൻ പഠിക്കൂ എന്നാണ് ആനന്ദ് രംഗനാഥന്റെ കുറിപ്പിൽ പരാമർശിക്കുന്നത്. ഈ കുറിപ്പായിരുന്നു കങ്കണ പങ്കുവച്ചത്.
കങ്കണയുടെ പോസ്റ്റിന് പിന്നാലെ താരത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുതിർന്ന അഭിനേത്രിയായ ശബാന ആസ്മിയും രംഗത്തെത്തി. അഫ്ഗാനിസ്ഥാൻ ഒരു ദിവ്യാധിപത്യ രാഷ്ട്രമാണെന്നും എന്നാൽ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക് ആണെന്നുമാണ് മുതിർന്ന താരം പ്രതികരിച്ചത്. തെറ്റുണ്ടെങ്കിൽ തിരുത്തൂ എന്ന ആമുഖത്തോടുകൂടി കങ്കണയുടെ കുറിപ്പ് പങ്കുവച്ചായിരുന്നു ശബാന ആസ്മി വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ശബാന ആസ്മിയുടെ ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും വിഷയത്തിൽ പ്രതികരിച്ചിരുന്നു. തനിക്ക് ബുർഖയോടും ഹിജാബിനോടും പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലെന്നും എന്നാൽ പ്രതിഷേധത്തിന്റെ പേരിലുള്ള ഗുണ്ടായിസം അപലപനീയമാണെന്നും ജാവേദ് കുറിച്ചു
കഴിഞ്ഞ ജനുവരി ഒന്നിനാണ് ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് ക്ളാസിൽ കയറാൻ അധികൃതർ അനുമതി നിഷേധിച്ചത്. വിദ്യാർത്ഥികളുടെ യൂണിഫോമിൽ പുതിയ നയം ഏർപ്പെടുത്തിയതാണ് ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ ക്ളാസിൽ കയറാൻ അനുവദിക്കാതിരുന്നതിന് പിന്നിലെ കാരണമായി കോളേജ് അധികൃതർ വ്യക്തമാക്കിയത്. ഹിജാബ് മാറ്റിയാൽ മാത്രമേ ക്ളാസിൽ കയറാൻ അനുവദിക്കുകയുള്ളൂവെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന ശേഷം മാത്രം ക്ളാസിൽ എത്തിയാൽ മതിയെന്നും പ്രിൻസിപ്പാൾ അറിയിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉഡുപ്പിയിലെ മറ്റ് സർക്കാർ കോളേജുകളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.ഉഡുപ്പി കുണ്ടപുര കോളേജിലെ 28 വിദ്യാർത്ഥികളെയാണ് ഹിജാബ് ധരിച്ചെത്തിയെന്ന പേരിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്. ക്ളാസിനുള്ളിൽ ഹിജാബ് ധരിക്കുന്നത് നിഷേധിക്കുന്ന സർക്കാരിന്റെ പുതിയ മാർഗനിർദേശം ചൂണ്ടിക്കാട്ടിയായിരുന്നു കോളേജ് അധികൃതരുടെ നടപടി. സംഭവത്തിൽ സംസ്ഥാനത്തുടനീളം പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ചില കോളേജുകളിൽ ഹിന്ദു സംഘങ്ങൾ ആൺകുട്ടികളെ കാവിഷാൾ ധരിക്കാൻ നിർബന്ധിച്ചുവെന്ന് പരാതി ഉയർന്നു. കർണാടക ഉഡുപ്പി മഹാത്മ ഗാന്ധി കോളേജിൽ കാവി തലപ്പാവും ഷാളുമണിഞ്ഞെത്തിയ സംഘപരിവാർ സംഘടനയിൽപ്പെട്ട വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ഹിജാബ് നിരോധിക്കുന്നതുവരെ കാവി ഷാളും തലപ്പാവും ധരിക്കുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഒന്നാം വർഷ പരീക്ഷയെഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ അകത്ത് കയറ്റിയെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ കാവി ഷാളും തലപ്പാവും അണിഞ്ഞെത്തിയത്. തങ്ങൾക്കും സമത്വം വേണമെന്നും ഈ വേഷം ധരിച്ചുകൊണ്ടുതന്നെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.