പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ജനശതാബ്ദി ,വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വഴി ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്.
ജനശതാബ്ദി ,വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഒരു വരിയിലൂടെ ഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. പക്ഷേ വേഗത കുറച്ച് മാത്രമേ ട്രെയിനുകൾക്ക് കടന്ന് പോകാൻ പറ്റൂ. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് നിലവിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരിക്കുന്നത്.
ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.