അമ്മയ്ക്ക് ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർക്ക് ക്രൂര മർദ്ദനം, പൊലീസുകാരൻ അറസ്റ്റിൽ, ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിൽ
ആലപ്പുഴ: അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു. അടൂർ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷാണ് അറസ്റ്റിലായത്.നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഡോക്ടറുടെ തലയ്ക്ക് എട്ട് തുന്നലും കാലിൽ രണ്ടിടത്ത് ഒടിവുമുണ്ട്. ചികിത്സ വൈകിയെന്നാരാേപിച്ച രതീഷും ഒപ്പമുള്ളയാളും ചേർന്ന് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്.രാത്രി പത്തുമണിയോടയാണ് അമ്മയോടൊപ്പം രതീഷും സഹോദരനും എത്തിയത്. ഈ സമയം ടോയ്ലറ്റിലായിരുന്നു താനെന്നും പുറത്തിറങ്ങി കാര്യമെന്താണെന്ന് ചോദിക്കുന്നതിനിടെ തള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നുമാണ് ഡോക്ടർ പറയുന്നത്.ഡോക്ടർ ഇപ്പോൾ ചികിത്സയിലാണ്. പൊലീസുകാരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.