‘എത്ര പേര് ചത്തു’; കൊവിഡ് രോഗികളെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്
കൊവിഡ് രോഗികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് സുരേന്ദ്രന് മരണപ്പെട്ട കൊവിഡ് രോഗികളെ അപമാനിച്ച് സംസാരിച്ചത്.
കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്ര പേര് ചത്തുവെന്നുമാണ് സുരേന്ദ്രന് ചോദിച്ചത്.
‘കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്ലാമിക് സ്റ്റേറ്റാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞത് അച്യുതാനന്ദനാണ്.
വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നത്.
പിണറായി വിജയന്റേത് നല്ല സര്‍ക്കാരാണോ. 50 ശതമാനം കടന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരും ഒന്നും മിണ്ടുന്നില്ല. 25 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ടി.പി.ആര് 20 ശതമാനം കടന്നിട്ടില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.
എത്ര പേര് ചത്തു. എത്ര പേരുടെ മരണം മറച്ചുവെച്ചു.മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹളം വെച്ചപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ കണക്കുമായി വന്നത്. കേരളത്തിലെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നല്കിയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു,’ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രന് പറഞ്ഞു.അതേസമയം, വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്.
യോഗിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.
യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് യോഗിക്ക് മറുപടി നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത്.