ഇലക്ട്രിക് വെഹിക്കിള്‍ ക്യാപിറ്റലിലെ ആദ്യപടി; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ.വി. ചാര്‍ജിങ്ങ് വരുന്നു
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപുറമേ പൊതുജനങ്ങള്‍ക്കും അവരുടെ വാഹനങ്ങള്‍ ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയും.
രാജ്യതലസ്ഥാനത്തെ ‘ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിള്‍ ക്യാപിറ്റല്‍’ ആക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യതലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൂന്നുമാസത്തിനുള്ളില്‍ സ്റ്റേഷനുകള്‍ സജ്ജമാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ജോലിക്കെത്തുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി.) ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപുറമേ പൊതുജനങ്ങള്‍ക്കും അവരുടെ വാഹനങ്ങള്‍ ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയും. എല്ലാ വകുപ്പുകളും ഓഫീസുകളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം. മൂന്നു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരു ചാര്‍ജിങ് പോയന്റിന് 6000 രൂപ സബ്സിഡി നല്‍കും.
‘മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാഴ്ചപ്പാട് നടപ്പാക്കുന്നതിനായി ഡല്‍ഹിയിലുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്റ്റേഷന് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഏകജാലകത്തിലൂടെ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. https://ev.delhi.gov.in/ എന്ന വെബ്സൈറ്റിലൂടെ വിപണിയില്‍ ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍, അതിന്റെ മേന്മകള്, ചാര്‍ജിങ് സൗകര്യങ്ങള്‍, ഡല്‍ഹിയിലെ ചാര്‍ജിങ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അറിയാം. നഗരത്തിലെ 170 കേന്ദ്രങ്ങളിലായി 377 ചാര്‍ജിങ് സ്റ്റേഷനുകള്‍ നിലവിലുണ്ട്. ഇതിന്റെ വിശദാംശങ്ങളെല്ലാം വെബ്സൈറ്റിലൂടെ അറിയാം.
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നതുകൊണ്ട് എത്രത്തോളം ഇന്ധനം ലാഭിക്കാം, സാമ്പത്തികനേട്ടമെന്ത് എന്നിവയെല്ലാം പരിശോധിക്കാനുള്ള ‘ഇ.വി. കാല്കുലേറ്ററും’ സൈറ്റിലുണ്ട്. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനനയത്തിന് ഡല്‍ഹി സര്‍ക്കാര്‍ 2019-ല്‍ അനുമതി നല്‍കിയത്. ഇതു നടപ്പാക്കാന്‍ ഇലക്ട്രിക് വാഹനബോര്ഡും രൂപവത്കരിച്ചു.