ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് ലോകായുക്ത
തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിച്ച് ലോകായുക്ത. തങ്ങൾ തങ്ങളുടെ ജോലി ചെയ്യുകയാണെന്നും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലിന്റെ പേര് പറയാതെയാണ് വിമർശനം.അതേസമയം നിയമഭേദതഗിയിൽ സെക്ഷൻ 14 പ്രകാരം അന്തിമ റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരം ഉണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു.മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാദ്ധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഈ മാസം ഏഴാം തീയതിയാണ് ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്.
ലോകായുക്തയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജലീൽ രംഗത്തെത്തിയിരുന്നു.സംസ്ഥാന ലോകായുക്തയും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യുമെന്നും ജലീൽ ആരോപിച്ചിരുന്നു.