ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിര്; ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വയ്ക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകൾ വാദിച്ചിരുന്നുവെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഹിജാബ് വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കിയത്.കർണാടകയിലെ സർക്കാർ സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിന് അടുത്തിടെ സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് ക്ളാസിലെത്താൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ചില ഹൈന്ദവ സംഘടനകൾ സർക്കാർ നിലപാടിന് അനുകൂലമായി രംഗത്തെത്തിയതോടെ സംഘർഷം വ്യാപകമായി.അതിനിടെ ഹിജാബ് കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കർണാടക ഹൈക്കോടതിയും അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതിയും വിസമ്മതിച്ചു.അന്തിമ ഉത്തരവ് വരെ കാമ്പസുകളിൽ പ്രകോപനം ഉണ്ടാക്കുന്ന മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധം പിടിക്കരുതെന്നും തൽസ്ഥിതി തുടരണമെന്നും കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.കോളജുകൾ എത്രയും വേഗം തുറക്കണമെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസ്മാരായ ജെ. എം. ഖാസി,കൃഷ്ണ എസ്. ദീക്ഷിത് എന്നിവരുടെ മൂന്നംഗ ബെഞ്ച്
ആവശ്യപ്പെട്ടു.എത്രയും വേഗം തീർപ്പുണ്ടാക്കുമെന്നും അതിന് ശാന്തിയും സമാധാനവും പുലരണമെന്നും കോടതി പറഞ്ഞു. കേസിൽ കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാദ്ധ്യമങ്ങളോടും ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം, കർണാടകയിൽ തിങ്കളാഴ്ച മുതൽ 9, 10 ക്ലാസുകളിൽ പഠനം പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കോളേജുകളടക്കമുള്ളവ തുറക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ബംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.