ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്.സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ് ആരോപിച്ചു. ഔദ്യോഗികമായി അവര്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാ മേഖലയില്‍ നിന്നു കൂടുതല്‍പ്പേര്‍ രംഗത്ത്. നിയമത്തിനെതിരെയും പ്രതിഷേധങ്ങളെ അനുകൂലിച്ചും നടന് ദുല്‍ഖര്‍ സല്‍മാനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.ഫേസ്ബുക്കിലായിരുന്നു ദുല്‍ഖര്‍ നിലപാട് വ്യക്തമാക്കിയത്. മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്ന് ദുല്‍ഖര്‍ കുറിച്ചു. സമാധാനപരമായി പ്രതിഷേധം നടത്താനും അദ്ദേഹം പറയുന്നു. അരുന്ധതി റോയ് കുറിപ്പ് ഇങ്ങനെയാണ്
‘മൂന്നുവര്‍ഷം മുന്‍പ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ടുനിരോധനം എന്ന നയം നമുക്കു മേല്‍ ചുമത്തപ്പെട്ടതിന്റെ ഫലമായി നമ്മള് ബാങ്കുകള്‍ക്കു പുറത്ത് വിനീതവിധേയരായി വരി നിന്നു.ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരതക്വ ഭേദഗതി ബില്ലും നമ്മുടെ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനും കാല്‍ച്ചുവട്ടിലെ ഭൂമി പിളര്‍ത്താനും തയ്യാറെടുക്കുകയാണ്. 1935-ല്‍ നാസി ഭരണകാലത്തു നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍മിപ്പിക്കും വിധം വിനീത വിധേയരായി നമ്മള് ഒരിക്കല്‍ക്കൂടി വരിനില്‍ക്കാന്‍ പോകുകയാണോ. അങ്ങനെ നമ്മള് ചെയ്യുകയാണെങ്കില്‍, ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യാനന്തരം നമ്മള് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്’,