കെ എസ് ആർ ടി സി ബസ് ഡ്രൈവറും യുവാക്കളുമായി തർക്കമുണ്ടായി, അപകടം മനപ്പൂർവം ഉണ്ടാക്കിയത്?; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ
പാലക്കാട്: കുഴൽമന്ദത്തുണ്ടായ അപകടത്തിൽ യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവാക്കളുടെ കുടുംബങ്ങൾ ഉന്നയിക്കുന്നത്. അപകടം ഡ്രൈവർ മനപ്പൂർവം ഉണ്ടാക്കിയതാണോയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.അപകടം നടക്കുന്നതിന് മുൻപ് യുവാക്കളും ഡ്രൈവറും തമ്മിൽ തർക്കമുണ്ടായിരുന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സംഭവത്തിൽ വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സി എൽ ഔസേപ്പിനെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി ഏഴിനായിരുന്നു കുഴൽമന്ദത്ത് അപകടമുണ്ടായത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്. ഓവർടേക്ക് ചെയ്യുന്നതിനിടെ വലത്തോട്ട് വെട്ടിച്ച ബസ് തട്ടിയതോടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ഔസേപ്പിനെ സസ്പെൻഡ് ചെയ്തിരുന്നു.അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.