‘ഓകെയാണ് നോ പ്രോബ്ലം’; ബാബു ആശുപത്രി വിട്ടു, സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും
പാലക്കാട്: മലമ്പുഴയിലെ പാറയിടുക്കിൽ നിന്ന് സൈന്യം രക്ഷിച്ച ചെറായി സ്വദേശി ബാബു(23) പാലക്കാട് ജില്ലാ ആശുപത്രി വിട്ടു. യുവാവ് പൂർണ ആരോഗ്യവാനാണെന്നും ചികിത്സ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. ഓകെയാണ് നോ പ്രോബ്ലം, വേറെ പ്രശ്നങ്ങളൊന്നുമില്ല, പിന്നെ വരാമെന്ന് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.മകനെ രക്ഷിച്ച സൈന്യത്തോടും ആശുപത്രി അധികൃതരോടും നന്ദിയുണ്ടെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. ബന്ധുക്കളും നാട്ടുകാരുമൊക്കെ ആശുപത്രിയ്ക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. ബാബുവിന് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ബാബുവും രണ്ട് സുഹൃത്തുക്കളും മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ചെങ്കുത്തായ മലയിൽ നിന്ന് വീണ യുവാവ് കഷ്ടിച്ച് മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയത്.
താൻ പാറയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വിവരം ബാബു തന്നെയാണ് സുഹൃത്തുക്കളെയും പൊലീസിനെയും അറിയിച്ചത്. നാൽപത്തിയാറ് മണിക്കൂറിന് ശേഷം ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സൈന്യം യുവാവിനെ രക്ഷിച്ചത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.