പള്ളിവികാരിയുടെ വേഷത്തിലെത്തി ഷിബു എസ് നായർ പറ്റിച്ചത് നിരവധി വീട്ടമ്മമാരെ, തട്ടിയെടുത്തത് പതിനായിരങ്ങൾ
വെള്ളറട: പള്ളിവികാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിലായി. കാഞ്ഞിരംകുളം വില്ലേജിൽ ചാണി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്. നായരാണ് (42) പിടിയിലായത്. കുന്നത്തുകാൽ മാണിനാട് കുണ്ടറത്തലവിളാകം വീട്ടിൽ ശാന്തയുടെ (62) പരാതിയെ തുടർന്നാണ് വെള്ളറട പൊലീസ് ഇയാളെ പിടികൂടിയത്. മണിവിളയിലെ ആർ.സി പള്ളിയിലെ വികാരിയാണെന്നും വൃദ്ധർക്ക് പെൻഷൻ നൽകാനും അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് നൽകാനാണെന്നും പറഞ്ഞ് ഇക്കഴിഞ്ഞ 29ന് 14500 രൂപ ശാന്തയെ കമ്പളിപ്പിച്ച് സ്വന്തമാക്കിയിരുന്നു. ഇതേതുടർന്ന് ഇവർ വെള്ളറട പൊലീസിൽ പരാതി നൽകി. മറ്റ് നിരവധിപേരും ഇത്തരത്തിൽ കബളിപ്പിക്കലിന് വിധേയരായിട്ടുണ്ട്.കാഞ്ഞിരംകുളത്തെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് സെല്ലിലാക്കിയ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും സെല്ലിന്റെ വാതിലിൽ കേടുപാടുകൾ വരുത്താനും ശ്രമിച്ചു. മുൻപും ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആര്യങ്കോട്, കാഞ്ഞിരംകുളം, ആര്യനാട്, പൂജപ്പുര. പൊഴിയൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.