ഇന്ന് സംസ്ഥാനവ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് : കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനവ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. വ്യാപാരശാലകൾക്ക് അവധി നൽകുമെന്ന തീരുമാനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് അറിയിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നേതാവായിരുന്നു നസിറുദ്ദീൻ. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.1991ലാണ് നസിറുദ്ദീൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായത് . ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ക്ഷേമനിധി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയായിരുന്നു അദ്ദേഹം.