ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേര് അറസ്റ്റില്‍.എന്നാല്‍, അറസ്റ്റിലായവര്‍ ആരും തന്നെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളല്ല എന്നാണ് റിപ്പോര്‍ട്ട്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നുമാണ് പോലീസ് പറയുന്നത്. അക്രമം നടത്തിയ തദ്ദേശവാസികളായ ചിലരാണ് അറസ്റ്റിലായത് എന്നും പോലീസ് വ്യക്തമാക്കി. ഇവർ നേരത്തെയും സമരങ്ങൾക്കിടയിൽ നുഴഞ്ഞു കയറി സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ഠിച്ചവരാണ് എന്നാണ് പോലീസ് സൂചന നൽകുന്നത് ,മാത്രമല്ല ഇവർ സംഘപരിപാവർ രാഷ്ട്രീയ സജീവ പ്രവർത്തകരാണെന്നും സൂചനയുണ്ട് .സംഭവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ആരും അറസ്റ്റിലായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15ന് വൈകുന്നേരം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്നു നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധത്തില്‍ പത്തോളം ബസുകള്‍ കത്തിയ്ക്കുകയും, കൂടാതെ, മറ്റു വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.അതേസമയം, പ്രതിഷേധ പ്രകടനം സമാധാനപൂര്ണ്ണമായിരുന്നുവെന്നും, പുറത്തുനിന്നും വന്ന ചിലര്‍ നുഴഞ്ഞുകയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നെന്ന് സമരം ചെയ്ത വിദ്യാര്‍ഥികള്‍ മുന്‍പേതന്നെ പറഞ്ഞിരുന്നു.
പോലീസ് വേഷത്തിലെത്തിയ ചിലര്‍ ബസുകള്‍ക്കുമേല്‍ ഇന്ധനം ഒഴിക്കുന്നതിന്റെയും തീവെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ 10 പേരുടെ അറസ്റ്റിന് വഴിതെളിച്ചത്.