കൊവിഡ് റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിബന്ധനയില്ല, രോഗമുളളവർക്ക് മാത്രം സ്വയം നിരീക്ഷണം; പുതുക്കിയ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. രാജ്യങ്ങളെ അപകട സാദ്ധ്യതയുളളതെന്ന തരത്തിൽ തരം തിരിക്കുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇനിമുതൽ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴുദിവസം ക്വാറന്റൈൻ സംവിധാനമില്ല. പകരം 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. കൊവിഡ് പോസിറ്റീവായാൽ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഫെബ്രുവരി 14 മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരും.സ്വയം നിരീക്ഷണത്തിൽ കഴിയവെ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം. എന്നാൽ വിദേശത്ത് നിന്നും എത്തുന്നവർ എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപത്രം സമർപ്പിക്കണം. യാത്രാ തീയതിയ്ക്ക് 72 മണിക്കൂർ മുൻപുളള ആർടിപിസിആർ ഫലവും നാല് ദിവസത്തെ യാത്രാ വിവരവും അപ്ലോഡ് ചെയ്തിരിക്കണം.വിമാനത്താവളങ്ങളിൽ എത്തുന്ന രണ്ട് ശതമാനം ആളുകളെ റാന്റം പരിശോധന നടത്തും. മറ്റുളളവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. വിദേശത്ത് നിന്നും എത്തുന്നവർ ഏഴ് ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയാനും തുടർന്ന് എട്ടാം ദിവസം കൊവിഡ് പരിശോധന നടത്താനുമുളള കഴിഞ്ഞ മാസം പുറത്തിറക്കിയ കേന്ദ്ര സർക്കാർ നിർദ്ദേശമാണ് ഇതോടെ പിൻവലിക്കുന്നത്.82 രാജ്യങ്ങളിൽ നിന്നുളളവർക്കാണ് പുതിയ നിർദ്ദേശം. യു.കെ, കാനഡ,അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഖത്തർ,ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുളള യാത്രക്കാർ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ മതിയെന്നാണ് കേന്ദ്ര നിർദ്ദേശം.