യുപി കേരളമായാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയരും, മതത്തിന്റെ പേരിൽ ആരും കൊല്ലപ്പെടില്ല; യോഗിക്ക് കടുത്ത മറുപടിയുമായി പിണറായി വിജയൻ
തിരുവനന്തപുരം: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തെ ആക്ഷേപിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുപി കേരളം പോലെയായാൽ അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും.മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നും രാവിലെ യോഗി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് യോഗിയെ വിമർശിച്ച് ശശി തരൂരും സീതാറാം യെച്ചൂരിയും വി ഡി സതീശനുമെല്ലാം എത്തിയത്.