അമിതവേഗത്തിന് കണ്ണൂർ സ്വദേശിക്ക് കിട്ടിയ പിഴ 1.33 ലക്ഷം; ഒരു വർഷത്തിനുള്ളിൽ എസ് യു വിയിൽ യുവാവ് ചീറിപ്പാഞ്ഞത് 89 തവണ
കോഴിക്കോട്: അമിത വേഗത്തിൽ വാഹനമോടിച്ചതിന് വലിയൊരു തുക പിഴയിനത്തിൽ അടയ്ക്കേണ്ടി വന്നിരിക്കുകയാണ് കണ്ണൂർ സ്വദേശിക്ക്. ഒരു വർഷത്തിനിടയ്ക്ക് 89 തവണയാണ് ഇദ്ദേഹത്തിന്റെ എസ് യു വി കാർ അമിതവേഗത്തിൽ ഓടുന്നത് ക്യാമറയിൽ പതിഞ്ഞത്.1,33,500 രൂപയാണ് ആകെ ഫൈൻ ഇനത്തിൽ വന്നത്. കഴിഞ്ഞദിവസം അപകടത്തിപ്പെട്ടതിനെ തുടർന്ന് വാഹനം ഇൻഷ്വർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്. പിഴ അടയ്ക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് ഈ വാഹനം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുകയായിരുന്നു.കോഴിക്കോട് ആർ ടി ഓഫീസിൽ ഇത്രയും വലിയ തുക പിഴ അടച്ച ശേഷമാണ് യുവാവിന് ഇൻഷുറൻസ് പുതുക്കി നൽകിയത്. അമിതവേഗതയ്ക്ക് 1500 രൂപയാണ് ഒരു തവണ മാത്രം അടയ്ക്കേണ്ടത്. വാളയാർ – തൃശൂർ റോഡിലാണ് ഈ വാഹനം ഏറ്റവുമധികം തവണ ക്യാമറയിൽ പതിഞ്ഞത്.