എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി: സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം നല്കി
തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് കുറ്റപത്രം നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നതിനു പിന്നാലെയാണ് ഈ നടപടി.
എയര്‍ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനെ പീഡന കേസില്‍ പെടുത്തുന്നതിനായി എയര്‍ഇന്ത്യ സാറ്റ്സില്‍ എച്ച്.ആര് മാനേജരായ സ്വപ്ന സുരേഷ് 16 പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പരാതി തയ്യാറാക്കുകയും 16 പേരുടെയും വ്യാജ ഒപ്പ് ഇട്ട പരാതി അയക്കുകയും ചെയ്തുവെന്നാണ് കേസ്. സ്വപ്ന രണ്ടാം പ്രതിയാണ്.
എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് ചെയര്മാന് ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. എയര്‍ ഇന്ത്യയിലെ ആഭ്യന്തര അമന്വഷണ സമിതിയേയും പ്രതിപട്ടികയിലുള്പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പോലീസ് ആദ്യം എഴുതിതള്ളിയ കേസാണിത്.
ബിനോയ് ജേക്കബ്, സ്വപ്ന സുരേഷ്, ദീപക് ആന്റോ, ഷീബ, നീതു മോഹന്‍, ഉമ മഹേശ്വരി സുധാകരന്, സത്യ സുബ്രഹ്മണ്യം, ആര്‍എംഎസ് രാജന്, ലീന ബിനീഷ്, അ്വ.ശ്രീജ ശശിധരന് എന്നിവരാണ് കുറ്റപത്രത്തില്‍ പ്രതിപട്ടികയിലുള്ളത്.