രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 67,084 പേർക്ക്; രോഗികളിൽ മൂന്നിലൊന്നും കേരളത്തിൽ, മരണം 1241
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആശങ്കയായി കൊവിഡ് മരണങ്ങൾ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് ശതമാനത്തിന്റെ കുറവാണ് പ്രതിദിന കൊവിഡ് രോഗബാധയിലുണ്ടായത്. 67,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണമടഞ്ഞവർ 1241 ആണ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഏറ്റവുമധികം പേർ മരണമടഞ്ഞത് ഇന്നാണ്.കൊവിഡ് രോഗികളിലെ പ്രതിദിന കണക്ക് നോക്കിയാൽ മൂന്നിലൊന്നും കേരളത്തിലാണ്. 23,253 പുതിയ കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. രണ്ടാമതുളള മഹാരാഷ്ട്രയിൽ 7142 കേസുകൾ. 5339 കേസുകളുളള കർണാടകയാണ് മൂന്നാമത്. രാജ്യത്ത് ഇതുവരെ 4.24 കോടി കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 5,06520 മരണങ്ങളാണ രാജ്യത്ത് ഇതുവരെയുണ്ടായത്.രാജ്യത്തെ കൊവിഡ് മുക്തിനിരക്കിൽ വർദ്ധനയുണ്ട്. 96.65 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,882 പേരാണ രോഗമുക്തരായത്. 24 മണിക്കൂറിനിടെ 46,44,382 ഡോസ് വാക്സിൻ രാജ്യത്ത് നൽകി. ഇതോടെ ആകെ 1,71,28,19.947 ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.