അടൂരിൽ കനാലിൽ വീണ കാർ ഡ്രൈവർ ഓടിച്ചിരുന്നത് ഗൂഗിൾ മാപ്പിൽ നോക്കി; ബ്രേക്കിന് പകരം അബദ്ധത്തിൽ അമർത്തിയത് ആക്സിലറേറ്ററിൽ
പത്തനംതിട്ട: അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാൻ കാരണമായത് ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചതുകൊണ്ടാണെന്ന് സൂചന. അപകടത്തിൽ പരിക്കേറ്റവരും രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളും നൽകുന്നതാണ് ഈ സൂചനകൾ. അടൂർ ബൈപ്പാസ് റോഡിൽ നിന്നും ഹരിപ്പാടേക്കുളള വഴി ഗൂഗിൾ മാപ്പിലൂടെ നോക്കിയാണ് ഡ്രൈവർ വന്നത്. ഇടത്തേക്ക് എന്ന് ഗൂഗിൾ മാപ്പിൽ കണ്ടെങ്കിലും ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽവച്ചതോടെ വണ്ടി അതിവേഗം നേരെ കനാലിൽ പോയി വീഴുകയായിരുന്നു.അപകടം നടന്നയുടൻ നാട്ടുകാരും തൊട്ടടുത്തുതന്നെയുളള അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. കൊട്ടാരക്കര രജിസ്ട്രേഷനിലുളള കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. അപകട സ്ഥലത്തുനിന്നും ഇവരെ അടൂർ ജനറലാശുപത്രിയിൽ ഉടൻ എത്തിച്ചു. ഇതിൽ മൂന്നു പേർ മരിച്ചു. ആയൂർ ഇളമാട് അമ്പലമുക്ക് സ്വദേശികളായ ശകുന്തള(55) കാഞ്ഞിരത്തുംമൂട്ടിൽ ഇന്ദിര(57), ശ്രീജ(45) എന്നിവരാണ് മരിച്ചത്.വിവാഹത്തിന് മുൻപ് വധുവിന് പുടവ കൊടുക്കൽ ചടങ്ങിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന മറ്റുളളവരുടെ പരിക്കുകൾ ഗുരുതരമല്ല. കാർ ഓടിച്ചിരുന്ന അമ്പലമുക്ക് ഹാപ്പിവില്ലയിൽ ശരത്ത്(36), മരണമടഞ്ഞ ഇന്ദിരയുടെ മകൾ ബിന്ദു(38), ബിന്ദുവിന്റെ മകൻ അലൻ(14), ഇളമാട് എ.കെ ഭവനിൽ അശ്വതി കൃഷ്ണൻ(27) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് വിവാഹം നിശ്ചയിച്ചിരുന്ന അമൽ ഷാജിയുടെ വധുവിന് നൽകാനുളള പുടവയുമായി പോകുകയായിരുന്ന ഇവർ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടത്തിൽ പെട്ടത്. ആയൂർ അമ്പലമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയുടെയും ശകുന്തളയുടെയും വീട്. മുൻപ് അമലിന്റെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ് ശ്രീജ. ഇവരെല്ലാം അമലിന്റെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയവരാണ്.കനാലിൽ വീണ് ഒഴുകിപ്പോയ അപകടത്തിൽ പെട്ടവരിൽ മൂന്ന്പേരെയും രക്ഷപ്പെടുത്തിയത് അടൂരിലെ കെഎസ്ഇബി ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശി എസ്.ജയകുമാറാണ്. ജോലിക്കിടെ സഹപ്രവർത്തകനുമായി പോകുമ്പോൾ കരുവാറ്റ പളളിയുടെ സമീപം കനാലിലേക്ക് നോക്കി ജനങ്ങൾ നിൽപ്പുണ്ടായിരുന്നു. കാർ കനാലിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടവിവരം അങ്ങനെയാണ് അറിഞ്ഞത്.ഈ സമയം ഒരു യുവതി കനാലിലൂടെ ഒഴുകിവന്നു. ഉടനെ ജയകുമാർ കനാലിലിറങ്ങി ഇവരെ അടുത്തുളള കേബിൾ പൈപ്പിൽ ചേർത്ത് നിർത്തി. പിന്നാലെ 13കാരനായ അലൻ ഒഴുകിയെത്തി. കുട്ടിയെയും പിന്നാലെ വന്ന ബിന്ദുവിനെയും രക്ഷിച്ചു. എന്നാൽ ഇതിന് പിന്നാലെ വന്ന ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല.