‘ചാനലിന് പറയാനുള്ളത് കേൾക്കാതെ ലൈസൻസ് റദ്ദാക്കി’; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സിംഗിൾബെഞ്ച് ശരിവച്ചതിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും, ചാനലിന് പറയാനുള്ളത് കേൾക്കാതെ ലൈസൻസ് റദ്ദാക്കിയെന്നുമാണ് അപ്പീലിൽ പറയുന്നത്. ഒരു വാർത്താ ചാനലിന് എപ്പോഴും ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാർത്തകൾ നൽകാനാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.ചാനൽ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ജനുവരി 31നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ളിയറൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സംപ്രേഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. തുടർന്ന് ചാനൽ കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ കേന്ദ്ര സർക്കാർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസ് എൻ നഗരേഷിന്റെ സിംഗിൾ ബഞ്ച് മീഡിയ വൺ ചാനലിന്റെ ഹർജി തള്ളുകയായിരുന്നു.