ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. പൊലീസ് നടപടിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭം നിയന്ത്രണ വിധേയമാക്കാനുള്ള പൊലീസ് നടപടിയില്‍ വെടിവെപ്പ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രണ്ടു പേര്‍ക്ക് ബുള്ളറ്റ് കൊണ്ട് പരിക്കേറ്റതായി പ്രാഥമിക പരിശോധനയില്‍തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഹോളി ഫാമിലിയില്‍ പ്രവേശിക്കപ്പെട്ട പരിക്കേറ്റ ഒരാള്‍ തനിക്ക് പരിക്കേറ്റത് പൊലീസ് വെടിവെപ്പിലാണെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ആരെയും വെടിവെച്ചിട്ടില്ലെന്നും കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിത്തെറിച്ചാകും പരിക്കേറ്റതെന്നും ജോയിന്റ് കമീഷണര്‍ ദേവേഷ് ശ്രീവാസ്തവ പറഞ്ഞു.