അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു; നാല് പേരെ രക്ഷപ്പെടുത്തി
പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാർ കനാലിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. കൊല്ലം ആയൂർ സ്വദേശികളും ബന്ധുക്കളുമായ ഇന്ദിര(57), ശ്രീജ (45), ശകുന്തള(51) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് കരുവറ്റ പള്ളിക്കു സമീപമാണ് അപകടം നടന്നത്.കാറിൽ ആകെ ഏഴു പേരാണ് ഉണ്ടായിരുന്നത്. നാലുപേരെ ആദ്യ ഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആയൂർ സ്വദേശിയായ ശരത് (35) ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വണ്ടിയിൽ ഉണ്ടായിരുന്നവരെല്ലാം കൊല്ലം ആയൂർ സ്വദേശികളാണ്.