അടൂരിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞു; ആറുപേരെ കരയ്ക്കെത്തിച്ചു, ഒരാളെ കാണാനില്ല
അടൂർ: പത്തനംതിട്ട അടൂരിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞു. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ആറു പേരെയും രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ കാണാനില്ല. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം തെറ്റി കനാലിലേയ്ക്ക് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ രണ്ടുമണിയോടെ കരയ്ക്കെത്തിച്ചു. കണ്ടെത്താനുള്ള ഒരാൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്.