പതിനേഴുകാരിയായ ഭാര്യയുടെ തലയറുത്ത് തെരുവിൽ പ്രദർശിപ്പിച്ച് യുവാവ്; ദൃശ്യങ്ങൾ കണ്ട് ഞെട്ടി ലോകം
ടെഹ്റാൻ: പതിനേഴുകാരിയായ ഭാര്യയുടെ തലയറുത്ത് യുവാവ് തെരുവിൽ പ്രദർശിപ്പിച്ചു. വ്യഭിചാരം ആരോപിച്ചായിരുന്നു ക്രൂരകൃത്യം. അറുത്തെടുത്ത തലയും കത്തിയുമായി നിൽക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇറാനിലെ തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിലാണ് ക്രൂരകൊലപാതകം നടന്നത്.മോന ഹൈദരിയെന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. വ്യഭിചാരം ആരോപിച്ച് ഭർത്താവും ഭർത്താവിന്റെ സഹോദരനും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽപ്പോയ ഇവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. പന്ത്രണ്ട് വയസുള്ളപ്പോഴായിരുന്നു മോന വിവാഹിതയായത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്.ദുരഭിമാന കൊലപാതകത്തിൽ ഇറാനിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പിന്നാലെ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കാര്യവകുപ്പ് ഉപാദ്ധ്യക്ഷ എൻസെ കസാലി പാർലമെന്റ് വിളിച്ചുകൂട്ടി. വിനാശകരമായ അജ്ഞതയുടെ ഇരയാണ് മോനയെന്നും ക്രൂരകൃത്യത്തിന് എല്ലാവരും ഉത്തരവാദികളാണെന്നും പ്രശസ്ത ഫെമിനിസ്റ്റ് സിനിമാ നിർമാതാവായ തമിനെ മിലാനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. കൊലപാതകത്തെത്തുടർന്ന് ഗാർഹിക പീഡനത്തിനെതിരെ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങൾ പരിഷ്കരിക്കുന്നതിനും വിവാഹത്തിനുള്ള നിയമപരമായ പ്രായം ഉയർത്തുന്നതിനുമുള്ള ആഹ്വാനങ്ങൾ രാജ്യത്ത് ശക്തമാകുകയാണ്. നിലവിൽ ഇറാനിലെ വിവാഹപ്രായം പതിമൂന്ന് വയസാണ്. നിയമപരമായ പഴുതുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം ദുരഭിമാന കൊലപാതകങ്ങൾ നടക്കുന്നതെന്ന് അഭിഭാഷകനായ അലി മൊജ്തഹെദ്സാദെ പറഞ്ഞു.