ഹിജാബ് വിഷയത്തിൽ മലാലയുടേത് ഇരട്ടത്താപ്പ്’; വിമർശനം
ഡൽഹി : കർണാടകയിൽ നടക്കുന്ന ഹിജാബ് പ്രതിഷേധത്തിൽ പ്രതികരിച്ച മലാല യൂസഫ് സായിക്കെതിരെ വിമർശനം. ഹിജാബ് വിഷയത്തിൽ മലാലയുടേത് ഇരട്ടത്താപ്പാണെന്ന് ട്വിറ്ററിൃൽ വിമർശനം ഉയരുന്നു. ‘ഞാൻ മലാല’ എന്ന പുസ്തകത്തിൽ മലാല ബുർഖയ്ക്കെതിരെയാണ് പറയുന്നതെന്നും എന്നാൽ ഇവിടെ ഹിജാബിനെ പിന്തുണയ്ക്കുന്നുവെന്നുമാണ് ഉയരുന്ന ഒരു വിമർശനം.
“ബുർഖ ധരിക്കുന്നത് വലിയ തുണികൊണ്ടുള്ള ഷട്ടിൽകോക്കിനുള്ളിൽ നടക്കുന്നത് പോലെയാണ്, അതിലൂടെ കാണാൻ ഗ്രിൽ മാത്രമേയുള്ളൂ, ചൂടുള്ള ദിവസങ്ങളിൽ അത് ഒരു ഓവൻ പോലെയാണ്.” – എന്നാണ് മലാല, തന്റെ ആത്മകഥയിൽ പറയുന്നതെന്നും ആന്റി പ്രൊപഗെണ്ട പ്രണ്ട് എന്ന ട്വിറ്റർ അകൌണ്ടിൽ പറയുന്നു.
അതേസമയം മലാല റാഡിക്കൽ ജിഹാദി അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചു. അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ പെൺകുട്ടികൾ ഹിജാബ് ഇടാത്തതിന്റെ പേരിൽ കൊല്ലപ്പെടുന്നുവെന്നത് റാഡിക്കൽ ജിഹാദി അജണ്ടകൾ നടപ്പിലാക്കുന്ന മലാല അറിയുന്നില്ലെന്നാണ് കപിൽ മിശ്ര ട്വീറ്റ് ചെയ്തത്.
ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നതിനിടെയാണ് പ്രതികരണവുമായി മലാല രംഗത്തെത്തിയത്. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവച്ച് മലാല ട്വീറ്റ് ചെയ്തു. സ്ത്രീകളെ മാറ്റി നിർത്തുന്നത് ഇനിയെങ്കിലും ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളേജുകൾ വിദ്യാർത്ഥികളെ എത്തിക്കുകയാണെന്ന് മലാല വിദ്യാർത്ഥികളുടെ ഒരാളുടെ വാക്കുകൾ സൂചിപ്പിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളേജ് ഞങ്ങളെ എത്തിക്കുന്നുവെന്ന ഒരു വിദ്യാർത്ഥിനിയുടെ വാചകം ഉദ്ദരിച്ചാണ് മലാലയുടെ ട്വീറ്റ് ആരംഭിക്കുന്നത്.