മകനെ അവർ രക്ഷിച്ചുകൊണ്ടുവരുമെന്ന ബാബുവിന്റെ മാതാവിന്റെ വിശ്വാസം കാത്ത് സൈന്യം; രക്ഷപ്പെടുത്തിയത് അതിസാഹസികമായി, ദൗത്യത്തിനിടെ വന്യമൃഗങ്ങളും മുന്നിലെത്തി
പാലക്കാട്: തിങ്കളാഴ്ച ഉച്ചയോടെയാണ് ചെറാട് സ്വദേശി റഷീദയുടെ മകൻ ബാബു മലമ്പുഴ കൂർമ്പാച്ചി മലയിൽ മുന്നൂറടിയോളം താഴ്ചയിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം മലയുടെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിറുത്താനോ കഴിയാത്തതിനാൽ മടങ്ങിപ്പോയി. ഇതോടെ യുവാവിനെ രക്ഷപ്പെടുത്താനാകുമോ എന്ന ഭീതി ഉയർന്നു.ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ഒന്നര ദിവസമാണ് യുവാവ് കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി സുലൂരിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള കരസേനാംഗങ്ങൾ എത്തിയതോടെ ബാബുവിന്റെ മാതാവ് നിറഞ്ഞ അത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു എന്റെ മകനെ സൈന്യം തിരിച്ചുകൊണ്ടുവരുമെന്ന്. ആ വിശ്വാസം വെറുതെയായില്ല. അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവിൽ റഷീദയ്ക്ക് മകനെ സൈന്യം തിരിച്ചുനൽകി.വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള പ്രദേശത്തുകൂടെയായിരുന്നു ദൗത്യം. മൂന്ന് കരടികളെ കണ്ടുവെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് അവർ ബാബുവിനരികിലെത്തി, ആ ഇരുപത്തിമൂന്നുകാരനെ തിരിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു.രണ്ട് സൈനികരുടെ സാഹസിക ശ്രമമായിരുന്നു രക്ഷാപ്രവർത്തനം വിജയത്തിലേക്ക് എത്തിച്ചത്. രാജ്യത്തിനും സൈന്യത്തിനും ബാബുവിന്റെ കുടുംബം നന്ദി പറഞ്ഞു. മകനോട് സംസാരിച്ച ശേഷം റഷീദ ബോധരഹിതയായി വീണു.