ഫോട്ടോഗ്രാഫറുടെ ഹോബി പെൺകുട്ടികൾക്ക് മുന്നിൽ ഉടുതുണി ഉയർത്തുന്നത്; പിടികൂടിയത് നാട്ടുകാർ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവിനെ പോക്സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (28) പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടികുളത്ത് വച്ചായിരുന്നു സംഭവം. പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടികൾക്ക് നേരെ ബൈക്കിലെത്തിയ പ്രതി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.ഈ വിവരം പെൺകുട്ടികൾ നാട്ടുകാരെ അറിയിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റോഡിൽ തടഞ്ഞു നിറുത്തി കിളിമാനൂർ പൊലീസിന് കൈമാറുകയുമായിരുന്നു. 2021 നവംബറിൽ പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയശേഷം രക്ഷപ്പെട്ടിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി കാമറയിൽ നിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർ പിടികൂടിയ യുവാവിനെ പെൺകുട്ടികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.